തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് അതില്‍ നില്‍ക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോണ്‍ഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലേക്ക് പോകാതെ പാര്‍ട്ടിയിലേക്ക് വരുന്നത് ആരോഗ്യകരമായ പ്രവണതയാണ്. ഇത് ഇനിയും ശക്തിപ്പെടുമെന്നാണ് കരുതേണ്ടത്.
കഴിഞ്ഞദിവസം വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികൾ തീർന്നു എന്നാണ്. എന്നാൽ ഇന്നും ഒരു പ്രധാനി വന്നു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയാം.
കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിനൊപ്പം നില്‍ക്കേണ്ടെന്ന് തീരുമാനിച്ചവര്‍ പുറത്തേയ്ക്കുവരും. കോണ്‍ഗ്രസുകാര്‍ ബിജെപിയെ ഒഴിവാക്കി സിപിഎമ്മില്‍ ചേരുന്നത് ഗുണപരമായ മാറ്റമാണ്. ഇത് ഇനിയും ശക്തിപ്പെടുമെന്നാണ് കരുതേണ്ടത്. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പലരും കോണ്‍ഗ്രസ് വിടാന്‍ തയ്യാറായിരുന്നു. അങ്ങനെ വിടാന്‍ തയ്യാറായവര്‍ ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോള്‍ അവരെ നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകള്‍ക്കറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്.
ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്. അവരെ ആ രീതിയില്‍ നേരിടാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടിക്കകത്തുള്ള പലര്‍ക്കും അറിയാം. ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസിലുള്ള പലര്‍ക്കുമറിയാം. അപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാന്‍ പലരും തയ്യാറാവുന്നത് സ്വാഭാവികമാണ്. അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.