കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്.
265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തില്‍ വെക്കും. ശേഷം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി അറിയിച്ചു.
നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളിൽ സർവേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു. 44 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കണ്ടെയിന്മെന്‍റ് സോണല്ലാത്ത കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നാളെ വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം അപസ്മാരം, മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരം എസ്എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറന്നു.നിപ ചികിത്സക്കായി വെന്‍റിലേറ്റര്‍, ഐസിയു സൌകര്യങ്ങളും ഒരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം. ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

















