കണ്ണൂര്‍: ആറ് മാസം കൊണ്ട് കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്തുണ്ടാകുെമന്നും പാര്‍ട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകര്‍ക്കാന്‍ വയ്യെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. ഓരോ ജില്ലയിലും 2500 വീതം കേഡര്‍മാരെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് പരിശീലനം നല്കി ബൂത്തുകളുടെ ചുമതല നല്‍കും -കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി മാര്ട്ടിന് ജോര്‍ജ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കവേ സുധാകരന് പറഞ്ഞു.
‘25,00 കേഡര്‍മാരെ തിരഞ്ഞെടുക്കും. മൂന്ന് വര്‍ഷക്കാലത്തേക്ക് 25,00 ആളുകള്‍ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിതരാകും. 1000 പേര് യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 15,00 പേര് ഐഎന്‍ടിയുസിയില്‍ നിന്നും. എങ്ങനെയാണ് യൂണിറ്റുണ്ടാക്കുക എന്ന് പരിശീലനം കൊടുത്ത് അവരെ ഞങ്ങളിറക്കും. അവര്‍ക്ക് ബൂത്തുകള്‍ അലോട്ട് ചെയ്ത് കൊടുക്കും. അതിന്റെ മുകളില്‍ അവരെ നിയന്ത്രിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകും’, കെ. സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ആവശ്യമാണ്. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ പുതിയ മുഖങ്ങള്‍ കടന്നുവരും. മാറ്റങ്ങളില്‍ എതിര്‍വികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും സുധാകരന് പറഞ്ഞു.
ഓരോ ജില്ലയിലും കണ്ട്രോള് കമ്മീഷന് എന്ന പേരില്‍ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു. ഓരോ ജില്ലയിലും അഞ്ചംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക. ഇന്ന് കാണുന്ന കോണ്‍ഗ്രസായിരിക്കില്ല ആറ് മാസത്തിന് ശേഷം കാണുക എന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി.
കെഎസ്യു അംഗത്വവിതരണവും തെരഞ്ഞെടുപ്പും പരിഹാസ്യമാണ്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ ഏറ്റെടുക്കാന്‍ കെപിസിസി തയാറാണെന്നും സുധാകരന് പറഞ്ഞു. പിണറായി വിജയന് രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോര്‍ത്തി.
പാര്‍ട്ടിയുടെ അടിത്തട്ടിലെ ദൗര്‍ബല്യം സർവേ നടത്തിയപ്പോള്‍ വ്യക്തമായതാണ്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കള്‍ക്ക് പോയകാലത്ത് സ്ഥാനങ്ങള്‍ കിട്ടിയില്ല. പാര്‍ട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്താനാണ് ആലോചനയെന്നും സുധാകരൻ പറഞ്ഞു.

















