ന്യൂഡൽഹി: കേരളത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം. ഈ മാസം പകുതിയോടെ സംസ്ഥാനത്തെ കോവിഡ് കുതിപ്പിൽ ശമനം ഉണ്ടാകും. ഇപ്പോൾ മുതൽ രണ്ടാഴ്ചത്തേക്ക് കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയാൽ മാത്രമേ ഈ മാസം പകുതിയോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകൂ എന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
കർശനമായിട്ടുള്ള നിരീക്ഷണവും അതോടൊപ്പം കണ്ടെയ്മെന്റ് നടപടികളും ആവശ്യമാണ്. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് അടച്ചിടൽ നടപ്പാക്കാണം. ഇക്കാര്യത്തിൽ ജില്ലാ തലത്തിൽ എന്നതിന് പുറമേ താഴേത്തട്ടിലേക്ക് കൂടി നിയന്ത്രണം കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, കേരളം കൂടുതൽ തുറക്കാമെന്ന നിർദേശവുമായി സർക്കാർ വിളിച്ച യോഗത്തിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു. വാക്സിനേഷൻ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൊതുനിർദേശം.
ടിപിആർ, ലോക്ക്ഡൗൺ, പ്രാദേശിക അടച്ചിടൽ എന്നിവയ്ക്ക് പിറകെ സമയവും അധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിർദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് ശ്രദ്ധ നൽകേണ്ടത്. വാക്സിനേഷൻ വേഗത ഉയർത്തിയാൽ ഇത് സാധ്യമാകും. ചികിത്സാ സംവിധാനങ്ങൾ നിറഞ്ഞുകവിയുന്ന ഘട്ടത്തിൽ മാത്രം കടുത്ത നിയന്ത്രണങ്ങളാലോചിക്കാം. കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്നും അഭിപ്രായമുയർന്നു. രോഗതീവ്രത കുറവാണെന്ന സർക്കാർ വിലയിരുത്തലും യോഗത്തിലുണ്ടായി.

















