കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലെ ചെറൂപ്പ ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ കാരണം 800 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ പാഴായി. കൈകാര്യം ചെയ്തതിലെ അപാകതയെ തുടര്‍ന്നാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന വാക്സിന്‍ ഉപയോഗശൂന്യമായത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ പറഞ്ഞു. ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള വാക്സിനാണ് ഉപയോഗശൂന്യമായത്. ഇതേതുടര്‍ന്ന് മൂന്ന് കേന്ദ്രങ്ങളിലെയും സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിവച്ചു.
സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകാത്ത സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കോഴിക്കോട്ടെ ഗുരുതര വീഴ്ച. ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞദിവസം എത്തിച്ച കൊവിഷീൽഡ് വാക്സിൻ വയലുകൾ സൂക്ഷിക്കുന്നതിൽ ജീവനക്കാർ അശ്രദ്ധപുലർത്തിയെന്നാണ് വാക്സിനേഷന്റെ ജില്ല ചുമതലയുളള ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. രണ്ട് മുതൽ എട്ട് ഡിഗ്രി വരെയുളള താപനിലയിൽ സൂക്ഷിക്കേണ്ട വാക്സിൻ കോൾഡ് ബോക്സിൽ വച്ചു. ഇതോടെ തണുത്ത് കട്ടപിടിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും കൂടുതൽ ശ്രദ്ധപുലർത്താൻ ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

















