വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് സൂചന.
2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം.
നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.
സിനിമ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്.
ആഷിഖ് അബു വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിരുന്നു. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്.
















