തിരുവനന്തപുരം: കോവിഡ് വൈറസിന്റെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഉടനെ പൂർത്തിയാക്കാനും നിർദേശം നൽകി.
അതേസമയം, സി.1.2 എന്ന പുതിയ വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും വാക്സിനെ മറികടക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പുതിയ വേരിയന്റിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുമെന്നും വേരിയന്റിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നുമാണ് ഗവേഷകരുടെ ആവശ്യം.
അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.
വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്‌സിൻ കൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, വാക്‌സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ.ടി.പി.സി.ആർ. പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂർത്തീകരിച്ചത്. വാക്‌സിനേഷൻ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർ.ടി.പി.സി.ആർ. ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആർ.ടി.പി.സി.ആർ. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

















