യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ മംഗളഗിരി സ്വദേശിനി കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭവാനിപുരം സ്വദേശിയും ഇറച്ചിക്കട ഉടമയുമായ മുഹമ്മദ് ഷാഫിയെ (35) പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 17-ന് മുഹമ്മദ് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഭാര്യയെയും മക്കളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പണത്തെച്ചൊല്ലിയും ഷാഫിയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഷാഫി കത്തികൊണ്ട് കല്യാണിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം തിരിച്ചറിയാതിരിക്കാനും ഒളിപ്പിക്കാനുമായി തലയും കാലുകളും ശരീരഭാഗങ്ങളും വെട്ടിമാറ്റി ഗോല്ലാപ്പുടിയിലെ കനാലിൽ തള്ളി.
സെപ്റ്റംബർ 18-ന് ഇബ്രാഹിംപട്ടണത്തെ കനാലിൽ നിന്ന് തലയില്ലാത്ത ഉടൽ ലഭിച്ചതോടെയാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. എൻ.ഡി.ആർ.എഫും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മറ്റ് ശരീരഭാഗങ്ങൾ കണ്ടെത്തി.
മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിലെ കയ്യിലെ ടാറ്റൂവും അടയാളങ്ങളും കണ്ടാണ് സഹോദരൻ മരിച്ചത് കല്യാണിയാണെന്ന് സ്ഥിരീകരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും വഴി പോലീസ് പ്രതിയെ പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുകയും ചെയ്തു.














