തിരുവനന്തപുരം: യുഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസ് പുനസംഘടനയെയും ആർഎസ്പി തീരുമാനത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഷിബു ബേബി ജോൺ അറിയിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർഎസ്പി കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കത്ത് നൽകിയെങ്കിലും ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ല. വെറുതെ പോയി യുഡിഎഫ് യോഗത്തിൽ ഇരിക്കേണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഇക്കാര്യത്തിൽ നാലാംതീയ്യതി ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് ആർഎസ്പിക്ക് നൽകിയത്. ഇത്തരം രീതികളോട് വിയോജിപ്പുണ്ട്. അനുകൂല പ്രതികരണമില്ലെങ്കിൽ പാർട്ടി പാർട്ടിയുടേതായ നിലപാട് സ്വീകരിക്കും ” ഷിബു ബേബി ജോൺ പറഞ്ഞു.
ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് ആര്‍എസ്പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിച്ച കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ടിലെ തങ്ങൾക്കെതിരായ പരാമർശത്തിൽ പ്രകോപിതരായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പിന്നാലെ മറ്റൊരു ഘടകകക്ഷി കൂടി ഇടയുന്നത് കോൺഗ്രസിന് തലവേദനയായിരുന്നു.

















