കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയിൽ വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലൻസ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചെന്നാണ് സൂചന.
ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്നത് വ്യക്‌തമെന്ന് വിജിലൻസ് കണ്ടെത്തി. നഗരസഭ അധ്യക്ഷ നൽകിയത് പണമാണെന്ന് കൗൺസിലർമാർ മൊഴി നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആവശ്യമെങ്കിൽ അജിത തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താമെന്നും വിജിലൻസ് അറിയിച്ചിട്ടുണ്ട്.
അതേ സമയം അന്വേഷണവുമായി സഹകരിക്കുമെന്നും ഇന്ന് ഓഫിസിൽ പോകുമെന്നും നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ അറിയിച്ചു. സെക്രട്ടറി സീൽ ചെയ്ത മുറിയിൽ പ്രവേശിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

















