തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കെസി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് പി എസ് പ്രശാന്ത് രംഗത്ത് വന്നിരുന്നു. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയത് അനീതി ആണെന്നാണ് പി എസ് പ്രശാന്ത് പറഞ്ഞത്. തിരുവനന്തപുരം നെടുമങ്ങാട്ടെ പരാജയത്തിന് പിന്നിൽ പാലോട് രവിയാണെന്ന് പി എസ് പ്രശാന്ത് ആരോപിച്ചു. മാത്രമല്ല ഇതിന് പിന്നിലെ ഗൂഢാലോചനക്കാർക്ക് പാലോട് രവി റിവാർഡ് നൽകിയെന്നും പി എസ് പ്രശാന്ത് അറിയിച്ചിരുന്നു.

















