ന്യൂഡൽഹി: ഡിസിസി പട്ടികക്കെതിരായ കലാപത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ഹൈക്കമാന്‍ഡ്.ഡി.സി.സി. അധ്യക്ഷ പട്ടികയ്‌ക്കെതിരെ പരസ്യ നിലപാടുകള്‍ സ്വീകരിച്ചവരുടെ പേരുകള്‍ നല്‍കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയാണ്. പ്രകോപനം തുടര്‍ന്നാല്‍ നേതാക്കള്‍ക്കാകും നഷ്ടമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. സംസ്ഥാനത്തെ തീരുമാനങ്ങളില്‍ കെ സുധാകരനും വിഡി സതീശനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വയ്ക്കാമെന്നല്ലാതെ അതാകണം തീരുമാനം എന്ന് വാശിപിടിക്കേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്.
അതേസമയം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പരാതികള്‍ക്ക് അത്ര വലിയ മെറിറ്റ് ഉള്ളതായി കണക്കാക്കുന്നില്ലെന്നാണ് കേന്ദ്രത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. കാരണം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഇവര്‍ നടത്തിയിരുന്നതും ഇത്തരത്തില്‍ ആരുമായും കൂടിയാലോചിക്കാതെ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയായിരുന്നു എന്നാണ് ഈ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

















