ആലപ്പുഴ; കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാനിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദാരുണ സംഭവം.അരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാന്‍.
നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തീപിടുത്തം നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് വാനിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞത്. മാനസിക പ്രയാസത്തെ തുടര്‍ന്ന് രാജീവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റേയും ബന്ധുക്കളുടേയും സംശയം. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

















