തിരുവനന്തപുരം ; കോവിഡിനു പിന്നാലെ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ചു കേരളത്തിൽ 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് . തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്. ഒന്നര വർഷത്തിനിടെ 300 ൽ ഏറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. ഇവരിൽ 95 % പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കുട്ടികൾക്ക് കോവിഡ് ബാധയുണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയത്.
കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

















