തൃശ്ശൂര്‍: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തില്‍ നഗരസഭയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ് സംഘം. നഗരസഭാ ഓഫിസിലെ സെർവർ റൂം തകർത്താണ് വിജിലൻസ് സംഘം ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണിവരെ തുടർന്ന പരിശോധനയിൽ നിർണ്ണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന.
തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് നഗരസഭാധ്യക്ഷ പണം നൽകിയെന്നാണ് പരാതി. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അധ്യക്ഷ അജിത തങ്കപ്പൻ സമ്മാനിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷാണ് പണക്കിഴി കൈമാറിയെന്ന് വെളിപ്പെടുത്തിയത്.
ഇതിനിടെ കഴിഞ്ഞ ദിവസം എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെയിലാണ് നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറുകയായിരുന്നു. ഓണസമ്മാന വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു .

















