തിരുവനന്തപുരം: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത്തിനായിരത്തിലേറെയാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി.
ഓണക്കാലത്തും കോവിഡ് വ്യാപനം കൂടുതലായിരുന്നു. വാക്സിൻ എടുത്തവർക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷൻ പൂർണ തോതിൽ ആകണം. അല്ലാത്തവർ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ ചെയ്യുന്നത്. വീട്ടിൽ സൗകര്യം ഇല്ലാത്തവർ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

















