കുവൈത്ത് സിറ്റി: രാജ്യത്ത് സ്പ്രിങ് ക്യാമ്പുകള്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ക്യാമ്പിങ്ങിനുള്ള സമയപരിധി മാർച്ച് 15ന് അവസാനിച്ചതായും തമ്പുകള്‍ ഉടൻ നീക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ക്യാമ്പിങ് സീസൺ റമദാൻ അവസാനിക്കുന്നത് വരെ നീട്ടാൻ സ്പ്രിങ് ക്യാമ്പ് കമ്മിറ്റി നിർദേശം നല്‍കിയിരുന്നു. എന്നാല്‍, പബ്ലിക് അതോറിറ്റി എൻവയൺമെന്റൽ അഫയേഴ്സ് നിർദേശം തള്ളുകയായിരുന്നു.
കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം. ഇതനുസരിക്കാത്ത ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ഉണ്ടാകും. പൊളിച്ചുനീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും. പരിസ്ഥിതി അതോറിറ്റിയില്‍നിന്ന് ലഭിക്കുന്ന ശുചിത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്യാമ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 100 ദീനാർ റീഫണ്ട് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ