നടിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം ‘തലൈവി’ തിയറ്ററുകളിലേക്ക് എത്തുന്നു. തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും.
ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമ ലോകത്തുനിന്നും തമിഴ്നാട് രാഷ്ട്രീയത്തിലെ അവിഭാജ്യഘടകമായി മാറിയ ജയലളിതയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മുൻമുഖ്യമന്ത്രി എം.ജി. രാമചന്ദ്രനായി അരവിന്ദ് സ്വാമിയെത്തും. തോഴി ശശികലയായി മലയാളി താരം ഷംന കാസിമാണ് ചിത്രത്തിലെത്തുക.എ.എൽ. വിജയ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ബാഹുബലിക്കും മണികർണികക്കും തിരക്കഥ എഴുതിയ കെ.വി. വിജയേന്ദ്ര പ്രസാദാണ് തലൈവിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
2019 നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അരവിന്ദ് സ്വാമി,ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
















