അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയത് മുതൽ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിവിധ ദൃശ്യങ്ങളും ചിത്രങ്ങളും ലോകത്തിന്റെ വിവിധ കോണിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അവയെല്ലാം സത്യമല്ല. പഴയ പല ചിത്രങ്ങളെല്ലാം വ്യാജമായി പ്രചരിക്കുന്നുണ്ട്. അഫ്ഗാനിലെ വനിതാ പൈലറ്റായ സഫിയ ഫെറോസിയെ താലിബാൻ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യവാസ്ഥാ പരിശോധിക്കാം.
@SangeetSagar13 എന്ന ട്വിറ്റർ ഹാൻഡ്‌ലിൽ നിന്ന് പ്രചരിച്ച ഒരു പോസ്റ്റാണ് താഴെയുള്ളത്. ഇന്ന് രാവിലെ സഫിയ ഫെറോസി എന്ന അഫ്ഘാൻ എയർ ഫോഴ്സിലെ വനിതാ പൈലറ്റിനെ കല്ലെറിഞ്ഞു കൊല്ലുന്നു എന്നെഴുതിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി തവണയാണ് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
@rakesh_bstpyp എന്ന മറ്റൊരു ട്വിറ്റർ ഉൾപ്പെടെ നിരവധി ഉപഭോക്താക്കൾ ഇതേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നാഷണലിസ്റ്റ് റൈറ്റർ എന്ന പേരുപയോഗിക്കുന്നയാളാണ് ഇതേ വ്യാജ വാർത്ത പങ്കുവെച്ചിട്ടുള്ളത്. സ്വര ഭാസ്കറിന്റേത് ഉൾപ്പെടെ ഹാഷ് ടാഗുകളും ഈ പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ ഫാക്ട് ചെക്കിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഈ ചിത്രം 2018 ലെ ഫർഖുന്ദ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ടതാണെന്ന് മനസിലായി. പ്രചരിച്ചത് പോലെ ഇത് സഫിയ ഫെറോസിയുടെ അല്ല എന്ന് ഇത് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു ചിത്രം മൂന്ന് വർഷം മുൻപുള്ള ഫർഖുന്ദ കൊലയുടെ ഓർമ ദിനത്തിലേതാണ്. ഫർഖുന്ദ മെമ്മോറിയലിൽ 2018 മാർച്ച് 17 ന് ചേർന്ന ആളുകളുടെ ചിത്രമായിരുന്നു അത്. ഫർഖുന്ദ, റുക്‌സാന, ശുക്റിയ തുടങ്ങിയവരുടെ കൊലപാതങ്ങളിലും കൂട്ടക്കൊലപാതങ്ങളിലും പീഡനങ്ങളിലും അനുശോചനമറിയിക്കാൻ എത്തിയ സംഘമായിരുന്നു അത്. ഇവരുടെ കയ്യിലുള്ള ബാനറിൽ സഫിയ ഫെറോസി എന്ന പേരിൽ പ്രചരിച്ച ഫർഖുന്ദയുടെ ചിത്രവും കാണാം.
മറ്റൊരു പരിശോധനയിൽ, 2015 ഡിസംബർ 26 ന് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ദൃശ്യവും കീ വേർഡ് സെർച്ചിലൂടെ കണ്ടെത്താൻ സാധിച്ചു. ഈ ന്യൂസ് വീഡിയോ ദൃശ്യത്തിൽ പറയുന്നത് പ്രകാരം, 27 വയസുകാരിയായ ഫർഖുന്ദ മാലിക്സദാ എന്ന യുവതിയെ ആൾകൂട്ടം ആക്രമിക്കുന്നതാണ് സംഭവം. ഇവർ ഖുർആൻ കത്തിച്ചെന്ന വ്യാജ പ്രചാരത്തിന്റെ ഭാഗമായാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ഈ സംഭവം നടക്കുന്നത് ആയിരക്കണക്കിന് പേർ നോക്കിനിൽക്കുമ്പോഴായിരുന്നു. ഇത് പലരും റെക്കോർഡും ചെയ്യുന്നുണ്ട്.
മെയ് 2015 ൽ ബിബിസി പുറത്തുവിട്ട വാർത്തപ്രകാരം, മാർച്ച് 19 നാണ് ഫർഖുന്ദ കൊല്ലപ്പെടുന്നത്. പൊലീസ് നൽകിയ വിവരപ്രകാരം തെറ്റായ പ്രചാരണത്തെ തുടർന്നായിരുന്നു അക്രമം ഉണ്ടായത്. ഈ കൊലപാതകത്തിൽ 49 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 19 പേർ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. ഇതിൽ മൂന്ന് പേരെ 20 വർഷത്തെ തടവിനും, എട്ട് പേരെ 16 വർഷത്തെ തടവിനും, പ്രായപൂർത്തിയാകാത്ത ഒരാളെ 10 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഫർഖുന്ദയ്ക്ക് സുരക്ഷാ വീഴ്ച വരുത്തിയതിൽ 11 പോലീസുകാർക്ക് ഒരൊറ്റ വർഷത്തെ തടവും വിധിച്ചിരുന്നു.
ഫർഖുന്ദ മാലിക്സദാ എന്ന യുവതിക്ക് നേരെയുണ്ടായ ഈ അക്രമമാണ് ഇപ്പോൾ സഫിയ ഫെറോസി എന്ന വനിതാ പൈലറ്റിൻറേതായി പ്രചരിക്കുന്നത്. അഫ്ഗാനിലെ രണ്ടാമത്തെ വനിതാ പൈലറ്റാണ് ഇവർ. നിലൂഫർ റഹ്‍മാനിയാണ് ആദ്യ പൈലറ്റ്. സഫിയ ഫെറോസി മരിച്ചതുമായോ കൊല്ലപ്പെട്ടതുമായോ യാതൊരു വിധ വിശ്വസനീയമായ വാർത്തകളും ഇല്ല. അവരുടെ പേരിൽ പ്രചരിച്ചത് വ്യാജ വാർത്തയാണ്.