ചെന്നൈ: ബഡ്ജറ്റ് ദിവസത്തിലെ എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നിര്‍ത്തലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍.മുന്‍കാലങ്ങളില്‍ നിയമസഭ ബഡ്ജറ്റ് സമ്മേളന ദിനങ്ങളില്‍ ഒരോ വകുപ്പുകളാണ് ഭക്ഷണം ഒരുക്കിയിരുന്നത്. എംഎല്‍എമാര്‍ക്ക് പുറമേ അവരുടെ ജീവനക്കാര്‍, പൊലീസ്, നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം അടക്കം ഒരു ദിവസം 1000 പേര്‍ക്കാണ് ഫൈവ് സ്റ്റാര്‍ സൗജന്യ ഭക്ഷണം നല്‍കിയിരുന്നു.
വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയനും എല്ലാം അടങ്ങുന്ന മുന്‍ നിര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും വിളമ്പിയിരുന്നത്. ഇതിനായി പ്രത്യേക ബഡ്ജറ്റ് ഇല്ലെങ്കിലും, വിവിധ കണക്കുകള്‍ കാണിച്ച് ഈ പതിവ് തുടര്‍ന്നിരുന്നു. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയാണ് ഇതിന് ചില വകുപ്പുകള്‍ ഒരു ദിവസത്തേക്ക് പൊടിച്ചത്.വിലകൂടിയ സ്യൂട്ട്കേസുകൾ, ട്രോളി ബാഗുകൾ, വാച്ചുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര മത്സ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വന ഉൽപന്നങ്ങൾ തുടങ്ങി കൈനിറയെ സമ്മാനങ്ങളുമായാണ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനം കഴിഞ്ഞ് തിരിച്ചുപോകാറുണ്ടായിരുന്നത്. എഐഎഡിഎംകെ ഭരണകാലത്ത് ധൂര്‍ത്ത് വര്‍ധിച്ചു. വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് വിവിധ വകുപ്പുകള്‍ അഭിമാനപ്രശ്നമായി എടുത്തു. ഈ ധൂര്‍ത്ത് അവസാനിപ്പിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ തീരുമാനം.
















