മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ സിനിമ കലാസംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ ആശാരിപടിയിലെ സുരേഷ് ചാലിയത്ത് (44) ആണ് മരിച്ചത്. രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ സുരേഷിനെ കണ്ടെത്തിയത്.
സ്ത്രീയുമായി വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം സുരേഷിനെ വീട്ടിൽ കയറി മർദിച്ചിരുന്നു. ഭാര്യ, കുട്ടികൾ, മറ്റ് ബന്ധുക്കൾ എന്നിവരുടെ മുമ്പിൽവെച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിലെ മനോവിഷമം കാരണമാണ് സുരേഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്.
സുരേഷിന്‍റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ കാര്യങ്ങൾ വിശദ അന്വേഷണത്തിന് ശേഷമെ പറയാനാവൂവെന്നും പൊലീസ് അറിയിച്ചു.
ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘ഉടലാഴം’ എന്ന ചിത്രത്തിന്‍റെ കലാസംവിധാനം സുരേഷ് നിർവഹിച്ചിരുന്നു. സ്കൂൾ അധ്യാപകനും ചിത്രകാരനുമായിരുന്ന സുരേഷ്, മലപ്പുറത്തെ സാംസ്കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവർത്തകനായിരുന്നു.
















