ന്യൂഡൽഹി: പുലിറ്റ്സർ പുരസ്കാര ജേതാവും റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫറുമായിരുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് താലിബാനുമായി സഹകരിക്കാത്തതിനെ തുടർന്നെന്ന് വെളിപ്പെടുത്തൽ. താലിബാൻ വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
‘ഞങ്ങൾ ഡാനിഷിനെ കൊലപ്പെടുത്തിയെന്ന് പറയാൻ കഴിയില്ല. ഞങ്ങളുടെ സ്ഥലത്ത് വരുമ്പോൾ ഞങ്ങളുമായി ഏകോപനം നടത്താൻ മാധ്യമ പ്രവർത്തകർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം ഞങ്ങളുമായി സഹകരിച്ചില്ല. ഞങ്ങൾ അവർക്ക് സുരക്ഷ ഒരുക്കും. എന്നാൽ അദ്ദേഹം കാബൂളിലെ സുരക്ഷാ സേനയുമായാണ് ഏകോപനം നടത്തിയത്. അവരുമായി നടത്തിയ ക്രോസ്ഫയറിങ്ങിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. അതിനാൽ ആരുടെ വെടിയേറ്റാണ് മരിച്ചതെന്ന് കൃത്യമായി പറയാൻ കഴിയില്ല.’– മുഹമ്മദ് ഷഹീൻ വ്യക്തമാക്കി.
അതേസമയം, ഡാനിഷ് സിദ്ദീഖിയെ പിടികൂടി വധിക്കുകയായിരുന്നെന്നും മൃതദേഹം വികൃതമാക്കിയെന്നുമുള്ള റിപ്പോർട്ടുകൾ മുഹമ്മദ് ഷഹീൻ തള്ളി. മൃതദേഹങ്ങൾ വികൃതമാക്കുന്നത് ഞങ്ങളുടെ നയമല്ല. കുറ്റം ഞങ്ങളുടെമേൽ ആരോപിക്കാൻ ഒരുപക്ഷേ അഫ്ഗാൻ സേന അങ്ങനെ ചെയ്തിരിക്കാമെന്നും ഷഹീൻ ആരോപിച്ചു.
ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് അഫ്ഗാനിസ്ഥാനിലേക്ക് വരുന്നതിന് ഒരു തടസ്സവുമില്ലെന്നും അവിടെ വന്നു സത്യാവസ്ഥ നേരിട്ടു കാണാവുന്നതാണെന്നും താലിബാൻ വക്താവ് പറഞ്ഞു. അതേസമയം, അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് സമീപമുള്ള പ്രവശ്യയും കയ്യടക്കി താലിബാൻ മുന്നേറ്റം തുടരുകയാണ്.
















