കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരവും താലിബാന്‍ കീഴടക്കി. തലസ്ഥാനമായ കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്നി. കാബൂള്‍ – കാണ്ഡഹാര്‍ ദേശീയപാതയിലുള്ള ഗസ്നി നഗരം താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ്.
ഗവര്‍ണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയില്‍ തുടങ്ങി നഗരത്തിന്റെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളും താലിബാന്‍ കീഴടക്കിയതായി പ്രവിശ്യ കൗണ്‍സില്‍ തലവനായ നാസിര്‍ അഹമ്മദ് ഫഖിരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഗസ്‌നി നഗരം പിടിച്ചെടുത്തെന്ന് സമൂഹമാധ്യമങ്ങള്‍ വഴി താലിബാനും വ്യക്തമാക്കി. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
അതീവ സുരക്ഷയുള്ള കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ അവരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന നിരവധി പേര്‍ കാബൂള്‍ നഗരത്തിലേക്ക് എത്തുന്നുണ്ട്.
അതേസമയം, താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരം പങ്കിടുന്ന കാര്യം മുന്നോട്ടുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
















