ഹിമാചൽ പ്രദേശ്; ഹിമാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. 13 പേരെ രക്ഷപ്പെടുത്തി. പല വാഹനങ്ങളും മണ്ണിനടിയിൽ നിന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു.ഇന്നലെയാണ് വിനോദസഞ്ചാരികൾ ഉൾപ്പെട്ട സംഘം അപകടത്തിൽ പെട്ടത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി ഐ.ടി.ബി.പി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം മണ്ണിടിച്ചിൽ ഉണ്ടായ റിക്കാൻ പിയോ – ഷിംല ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള സത്ലജ് നദി യിൽ വരെ അപകടത്തിൽ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയിട്ടുണ്ട്. നദിക്കരയിൽ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയിൽ പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു.
















