ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ തുറന്ന സംവാദത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷ എന്ന വിഷയത്തിലാണ് സംവാദം. ഉന്നതതല സംവാദത്തിൽ അധ്യക്ഷതത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിച്ച് മൗനം ആചരിച്ചുകൊണ്ടാണ് സംവാദം ആരംഭിച്ചത്. ഭീകരത, കടൽക്കൊള്ള എന്നിവയ്ക്കായി സമുദ്ര പാതകളെ ദുരുപയോഗം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണം. സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമുദ്രസുരക്ഷക്ക് തുരങ്കം വയ്കുന്ന ശക്തികളെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു.
സമുദ്രങ്ങൾ പൈതൃകത്തിന്റെ ഭാഗമാണെന്നും രാജ്യാന്തര വ്യാപാരത്തിന്റെ ജീവനാഡികളാണ് സമുദ്ര പാതകളെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ “സാഗർ” എന്ന സമുദ്ര പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചു.
തീവ്രവാദ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് മറ്റ് രാജ്യങ്ങളും വ്യക്തമാക്കി.
















