ന്യൂ ഡല്‍ഹി: ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് സമ്മാനം പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സും. ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. അഭിനിവേശം, കഠിനാധ്വാനം, തിരിച്ചുവരവിലൂടെ നേട്ടം കൊയ്യാമെന്ന് നീരജ് കാണിച്ചുതന്നുവെന്നും വരാനിരിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അദ്ദേഹം പ്രചോദനമാകുമെന്നും ഇന്‍ഡിഗോ സിഇഒ രന്‍ജോയ് ദത്ത പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴയാണ്.
ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി അത്ലറ്റിക്സില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപ ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു .ഇതിന് പിന്നാലെ ക്ലാസ് വണ്‍ ഗവണ്‍മെന്റ് ജോലിയും നീരജിന് മുന്‍പില്‍ ഹരിയാന സര്‍ക്കാര്‍ വയ്ക്കുന്നു. ഹരിയാനയില്‍ എവിടേയും ഭൂമി തുകയില്‍ 50 ശതമാനം ഇളവോടെ നീരജിന് സ്വന്തമാക്കാമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.
ഇന്ത്യയിലെത്തുമ്പോള്‍ നീരജിന് എക്സ്യുവി 700 കാര്‍ സമ്മാനമായി നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം.ഒരു കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ടോക്യോയില്‍ മെഡല്‍ നേടിയ എല്ലാ താരങ്ങള്‍ക്കും ബിസിസിഐ അവാര്‍ഡ് നല്‍കും. പഞ്ചാബ് സര്‍ക്കാര്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവിന് രണ്ട് കോടി രൂപ നല്‍കും. നീരജിന്റെ കുടുംബത്തിന് പഞ്ചാബിലും അടിവേരുകളുണ്ട്. നീരജിന് ഒരു കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പാരിതോഷികം പ്രഖ്യാപിച്ചത്.മണിപ്പൂര്‍ സര്‍ക്കാരും ഒരു കോടി രൂപ നീരജിന് സമ്മാനം പ്രഖ്യാപിച്ചു.