ബാഴ്സലോണ: ബാര്‍സയിലെ വിട വാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടികരഞ്ഞ് ലിയോണല്‍ മെസി. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിതെന്നും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദിയെന്നും മെസി പറഞ്ഞു. ഈ ഗ്രൗണ്ടില്‍ ഞാനിനി പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ബാഴ്സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്ബോളര്‍ എന്ന നിലയില്‍ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണെന്ന് മെസി കൂട്ടിച്ചേര്‍ത്തു.
കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് തന്റെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പിഎസ്ജി താരങ്ങളുമായുള്ള ഫോട്ടോ വളരെ യാദൃശ്ചികമാണെന്നും അതുകൊണ്ടല്ല, ബാഴ്സയില്‍ നിന്ന് പുറത്തുപോവേണ്ടി വരുന്നതെന്നും മെസി വ്യക്തമാക്കി. നിലവില്‍ ഏതെങ്കിലും ക്ലബുമായി കരാര്‍ ഒപ്പിടുകയോ അല്ലെങ്കില്‍ വാക്കാലുള്ള ഉറപ്പോ നല്‍കിയിട്ടില്ല. നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.