ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ സ്വർണമെന്ന ഭാരതത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള 23 കാരൻ വേണ്ടി വന്നു. ജാവലിന്‍ എറിഞ്ഞ് അവൻ ചൂടിയ സ്വർണ പതക്കം ഇന്ത്യയുടെ കായിക ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെടുന്നതാണ്.മിൽഖാ സിംഗിനും പി.ടി ഉഷയ്ക്കും അഞ്ജു ബോബി ജോർജ്ജിനും കൈയെത്തും ദൂരെ നഷ്ടപ്പെട്ട ഒളിമ്പിക്സ് മെഡൽ എറിഞ്ഞെടുത്ത് രാജ്യത്തിന്റെ മുഴുവൻ അഭിമാനമായിരിക്കുകയാണ് നീരജ് ചോപ്ര.
ഇന്ത്യൻ അത്ലറ്റിക്സ് ചരിത്രം തനിക്കും മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തിക്കഴിഞ്ഞു നീരജ്. ജമൈക്കയും അമേരിക്കയും ഇറ്റലിയും ബ്രിട്ടണും ആഫ്രിക്കൻ രാജ്യങ്ങളുമെല്ലാം കൈയടക്കിവച്ചിരിക്കുന്ന അത്ലറ്റിക്സ് വേദിയിൽ ഇന്ത്യയ്ക്കും ഒരു ഇരിപ്പിടം ഈ ഹരിയാനക്കാരൻ നേടിത്തന്നു.
1900ലെ പാരീസ് ഒളിമ്പിക്‌സിലായിരുന്നു ഇന്ത്യക്ക് അത്‌ലറ്റിക്സിലൊരു മെഡല്‍ ലഭിക്കുന്നത്. അന്ന് ഇംഗ്ലീഷുകാരൻ നോർമൽ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ കൊണ്ടുവന്നത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഈ മെഡൽ നേട്ടം ഇന്ത്യുടെ ക്രെഡിറ്റിൽ ചേർക്കുന്നുണ്ടെങ്കിലും ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ(ഐ.എ.എഫ്) നോർമൽ പ്രിച്ചാർഡ് ഗ്രേറ്റ് ബ്രിട്ടിന് വേണ്ടി മത്സരിച്ചതായാണ് കാണിക്കുന്നത്. അതിന് ശേഷം മിൽഖാസിങിനും മലയാളി താരം പിടി ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബേബിജോർജിന് അഞ്ചാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ പിടി ഉഷ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാനൂറു മീറ്റർ ഓട്ടത്തിൽ 1960ലെ റോം ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റർ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയിൽ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്.
അതേസമയം 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയായ നീരജ് ചോപ്ര സ്വര്‍ണം നേടിയിരിക്കുന്നത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും ഈ ഹരിയാനക്കാരനായി. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെയാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തിയത്.
ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു. പത്ത് വർഷത്തിന് ശേഷം ലോകത്തെ ഏറ്രവും വലിയ കായിക വേദിയിൽ രാജ്യത്തിനായി സ്വർണം നേടുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല അന്ന്. സർക്കാർ ജോലിക്കാർ അരുമില്ലാത്ത പത്തേക്കറിൽ താഴെ മാത്രം ഭൂമിയുള്ള കർഷ കുടുംബത്തിൽ നിന്നുള്ള കുഞ്ഞ് നീരജിന് ജാവലിനോട് തോന്നിയ ഇഷ്ടം അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു.
ടോക്കിയോവിലെ ജാവലിൻ മത്സരത്തിലെ ആദ്യ റൗണ്ടിലെ പ്രകടനത്തിൽ തന്നെ നീരജ് ലോകചാമ്പ്യനായ വെക്ടറിനൊപ്പം മികവുകാട്ടി. ഫൈനലിലേക്ക് വെക്ടറിന് പിന്നാലെ രണ്ടാമനായിട്ടാണ് യുവതാരം പ്രവേശിച്ചത്. ഫൈനൽ റൗണ്ടിൽ തികഞ്ഞ ആത്മ വിശ്വാസത്തോടെ ഏറിഞ്ഞ നീരജിന്റെ ആദ്യ ശ്രമം 87.03 താണ്ടിയതോടെ ഇന്ത്യ മെഡലുറപ്പിച്ചു. രണ്ടാം ശ്രമത്തിൽ 87.58 ആക്കി ഉയർത്തിയതോടെ ആവേശം ഇരട്ടിച്ചു. വെറ്റർ നിരാശപ്പെടുത്തിയതും രണ്ടാം സ്ഥാനത്തേക്ക് കുതിച്ച ചെക് റിപ്പബ്ലിക് താരത്തിന് അവസാന രണ്ട് ശ്രമങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകാഞ്ഞതും നീരജിനെ സ്വർണ്ണമണിയിച്ചു.ഇന്ത്യയുടെ ഈ ചരിത്ര വിജയത്തിൽ നമുക്ക് അഭിമാനിക്കാം .
“നന്ദി നീരജ്… നന്ദി ടോക്യോ…”