ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ നിന്നും ഒരു മെഡല്‍ നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് നീരജ് ചോപ്ര എന്ന യുവതാരം. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് താരം 130 കോടി ജനങ്ങളുടെ ആരാധ്യപുരുഷനായി മാറിയത്.
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേട്ടം
സ്വാതന്ത്ര്യം ലഭിക്കുന്നതിന് 47 വർഷങ്ങൾക്കു മുൻപ്, 1900ൽ നടന്ന പാരിസ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായും അവസാനമായും ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്നത്. പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ ആംഗ്ലോ ഇന്ത്യൻ വംശജനായ നോർമൻ പ്രിച്ചാർഡ് വെള്ളിമെഡൽ നേടി പോഡിയത്തിൽ നിന്നത് 121 വർഷങ്ങൾക്കു മുൻപാണ്. ഇന്ത്യ സ്വാതന്ത്ര രാജ്യമായി. ഒളിമ്പിക്സുകൾ മാറിമാറി വന്നു. ഇന്ത്യ ട്രാക്ക് ആൻഡ് ഫീൽഡിൽ പലതവണ മത്സരിച്ചു. പക്ഷേ, ഒരുതവണ കൂടി അത്‌ലറ്റിക്സിൽ മെഡൽ നേടാൻ ഇന്ത്യക്കായില്ല.
1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻഡിൻ്റെ നൂറിലൊരംശം വ്യത്യാസത്തിൽ മലയാളി താരം പിടി ഉഷയ്ക്ക് 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നഷ്ടമായതായിരുന്നു അത്‌ലറ്റിക്സിലെ ഇക്കഴിഞ്ഞ 112 വർഷങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനം. ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽസിലെ രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ ത്രോ പായിച്ച് 23കാരനായ നീരജ് ചോപ്ര സ്വതന്ത്ര ഇന്ത്യക്ക് ആദ്യ അത്‌ലറ്റിക്സ് മെഡൽ നേടിക്കൊടുത്തിരിക്കുന്നു. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും താരം സ്വന്തമാക്കി.
കുട്ടികാലം..!!
ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു. ഇതോടെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മിലേക്ക് പോയി. ആ യാത്ര ഒരു വഴിത്തിരിവായി. യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്‌ലീറ്റുകളെ നീരജ് കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു.
ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു. 30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക. അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും. ഒന്നും കഴിക്കാതെ, കുടിക്കാതെ നീരജ് പരിശീലനം തുടർന്നു. വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു.
2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ല്‍ യുക്രെയ്‌നില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.
ഊവെ ഹോണ്‍ എന്ന പരിശീലകന്‍റെ കഠിനപ്രയത്നം
എന്നാല്‍ ഇന്ന് നീരജ് ചോപ്രയുടെ ഈ നേട്ടത്തിന് പിറകില്‍ ഊവെ ഹോണ്‍ എന്ന വലിയ മനുഷ്യന്റെ കഠിനാധ്വാനവും പ്രയത്‌നവുമുണ്ട്. നീരജ് ചോപ്രയുടെ പരിശീലകനാണ് ജര്‍മന്‍ താരമായ ഊവെ ഹോണ്‍. ചോപ്രയുടെ ഈ നേട്ടത്തില്‍ ഹോണ്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന അപൂര്‍വ റെക്കോഡിനുടമയാണ് ഹോണ്‍. 1984 ജൂലായ് 20 നാണ് ഹോണ്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
ചോപ്രയെ ടോക്യോ ഒളിമ്പിക്‌സിലേക്ക് ഒരുക്കിയെടുക്കുക എന്നതായിരുന്നു ഇന്ത്യ ഹോണിലെ ഏല്‍പ്പിച്ച ദൗത്യം. ഇടയ്ക്ക് പരിശീലത്തിനായി ഒരുക്കിയ സൗകര്യങ്ങളിലെ പിഴവുകള്‍ മുന്‍നിര്‍ത്തി അധികൃതര്‍ക്കെതിരേ ഹോണ്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും താരം കൃത്യമായി ചോപ്രയെ പരിശീലിപ്പിച്ചു.
2016-ല്‍ പോളണ്ടിലെ ബിഡ്‌ഗോഷില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു നീരജ് ചോപ്ര വരവറിയിച്ചത്. 20 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ 86.48 മീറ്റര്‍ ദൂരം എറിഞ്ഞ്, പുതിയ ലോക റെക്കോര്‍ഡുമായി ബിഡ്‌ഗോഷില്‍ നീരജ് സ്വര്‍ണ്ണം നേടി. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണത്തിലേക്ക് എറിഞ്ഞു.
ഇതിനിടയില്‍ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങി. എന്നാല്‍ 2021-ല്‍ തിരിച്ചുവരവ് കണ്ടു. ആ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 88.07 മീറ്റര്‍ പിന്നിട്ട് പുതിയ ദേശിയ റെക്കോഡും സൃഷ്ടിച്ചു. ടോക്യോയിലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടില്ല. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര മെഡല്‍!