കൊല്‍ക്കത്ത: സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പുതിയ വൈദ്യുതി (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികളെ ജനവിരുദ്ധം എന്ന് വിശേഷിപ്പിച്ച മമത വിഷയത്തില്‍ സുതാര്യവും വിശാലവുമായ ചര്‍ച്ചകള്‍ എത്രയും വേഗം നടത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലം പാസാക്കാന്‍ സാധിക്കാതിരുന്നതും മാറ്റിവെച്ചതുമാണ് ഭേദഗതിയെന്ന് മമത ബാനര്‍ജി കത്തില്‍ ചൂണ്ടിക്കാട്ടി. ബില്ലിലെ പ്രധാന പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച് 2020 ജൂണ്‍ 12 ല്‍ അയച്ച കത്തിനേക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി.
2003 ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് വൈദ്യുതി (ഭേദഗതി) ബില്‍. വൈദ്യുതി മേഖലയിലെ സംസ്ഥാന-കേന്ദ്ര നിയന്ത്രണ അതോറിറ്റികള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളുമാണ് പുതിയ നിയമത്തിലുള്ളത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനായി ഒരു പ്രത്യേക സെലക്ഷന്‍ പാനലെന്ന നിലവിലെ സംവിധാനത്തിന് പകരം, ഒരു ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി നിയമം.