തിരുവനന്തപുരം : സംസ്ഥാനത്തെ മുന്നൂറ് ഗ്രാമപഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാംഘട്ട മാര്‍ഗനിര്‍ദേശം പ്രകാരമാണ് 2021 ഒക്‌ടോബര്‍ 2നകം ഒ ഡി എഫ് പ്ലസ് നിലവാരം കൈവരിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ കേരളം രാജ്യത്തെ ആദ്യത്തെ വെളിയിട വിസര്‍ജ്യ മുക്ത സംസ്ഥാനമായി മാറിയിരുന്നു. അന്ന് ഒ ഡി എഫ് പദവിയാണ് കേരളത്തിന് ലഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഒ ഡി എഫ് പ്ലസ് പ്രഖ്യാപനത്തിലേക്ക് കേരളം പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒ ഡി എഫ് പ്ലസ് ആയി പ്രഖ്യാപിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ പഞ്ചായത്തുകള്‍ പരിശ്രമിക്കേണ്ടതുണ്ട്. അതിനായി എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമാക്കുന്നതിനൊപ്പം ഗ്രാമങ്ങളെ മാലിന്യമുക്തമാക്കി ശുചിത്വ സുന്ദരമാക്കുകയും വേണം. പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശൗചാലയം ഉറപ്പാക്കുന്നതിന് പുറമെ പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൃത്യമായി പരിപാലിക്കുന്ന വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയങ്ങള്‍, സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളില്‍ പ്രത്യേക ശുചിമുറികള്‍, മലിനജലം കെട്ടിനില്‍ക്കാതെയും മാലിന്യക്കൂമ്പാരങ്ങളില്ലാതെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ എന്നിവ കൂടി ഒരുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനം വീടുകളിലും എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചിത്വ ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ ചുവരെഴുത്തുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ സുസ്ഥിര പരിപാലനം ഉറപ്പുവരുത്തിക്കൊണ്ട് ഗ്രാമ പഞ്ചായത്തുകള്‍ ഒ ഡി എഫ് പ്ലസ് നേട്ടം കൈവരിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.