മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ എംഎൽഎ. തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.
ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ലെന്ന് ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഈനലി തങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ലീഗ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.
നിലവിൽ പാണക്കാട്ട് നേതൃയോഗം ചേരുകയാണ്. പാണക്കാട് സാദിഖലി തങ്ങളും ബഷീറലി തങ്ങളും ഇതിന് മുന്നോടിയായി ചർച്ചകൾ നടത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയ മുഈൻ അലി തങ്ങൾക്കെതിരെ പാർട്ടി ചട്ടം ലംഘിച്ചതിന് നടപടിയുണ്ടാവുമെന്നും, എന്ത് നടപടി വേണമെന്ന കാര്യം പാണക്കാട് കുടുംബം തീരുമാനിച്ചിട്ടുമുണ്ടെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.