തൊടുപുഴ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബീഹാറിലെത്തി ബിഹാർ പൊലീസിൻ്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു.രഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ . പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.
അറുപതിനായിരം രൂപ നൽകിയാണ് രഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. രഖിലിനെ മുനവറില് എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറിൽ തന്നെ തുടരുകയാണ്.കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു. ബീഹാറിലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘത്തിൻ്റെ നീക്കം.ബംഗാളിൽ നിന്നും എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.