കരിപ്പൂര്‍; കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്. 21 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തത തുടരുന്നു. അപകടത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.അപകടകാരണം പഠിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ ഇത് വരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതേതുടർന്ന് അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ഇരകൾക്കുള്ള നഷ്ട പാരിഹാരം വൈകുകയാണ്.
2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു വിമാന ദുരന്തം.ദുബൈയിൽ നിന്ന് പറന്നുയർന്ന വന്ദേഭാരത് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെ 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ക്യാപ്റ്റനും സഹ പൈലറ്റും ഉൾപ്പെടെ 21 ജീവനാണ് പൊലിഞ്ഞത്.വിമാനം റൺവേയിൽനിന്ന് തെന്നിമാറി എന്നായിരുന്നു ആദ്യം കരുതിയത്. ഓടിയെത്തിയവർ കണ്ടത് രണ്ടായി പിളർന്ന വിമാനമാണ്. കോവിഡ് വകവെക്കാതെ കേരളമൊന്നടങ്കം രക്ഷാപ്രവർത്തനത്തിനിറങ്ങിയത് ലോകത്തിന് മാതൃകയായിരുന്നു.
ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാല് കുട്ടികളും എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇവരിൽ 10 പേർ കോഴിക്കോട്, ആറുപേർ മലപ്പുറം, രണ്ടുപേർ പാലക്കാട്, ഒരാൾ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.അപകടം നടന്ന് ഒരു വർഷമായിട്ടും അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനാല്‍ തന്നെ കരിപ്പൂരിലെ റണ്‍വേ വികസനമടക്കം സ്തംഭനാവസ്ഥയിലാണ്. ദുരന്തമുണ്ടായതിന് പിന്നാലെ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിട്ടുമില്ല.