തിരുവനന്തപുരം: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ നേതാവിനോടുള്ള കടുത്ത അവഹേളനം കൂടിയാണിതെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക – കായിക മേഖലയിൽ സുശക്തമായ ഭാരതം സ്വപ്നം കണ്ട രാജീവ് ഗാന്ധിയോടുള്ള ഏറ്റവും വലിയ ആദരമായിട്ടാണ് പരമോന്നത കായിക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ തമസ്കരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ നടപടിയിലൂടെ പുറത്തു വരുന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.