ബെംഗളൂരു: കര്‍ണാടകയില്‍ ഐഎസ് ഭീകരനും കൂട്ടാളിയും എന്‍.ഐ.എ പിടിയില്‍. എന്‍.ഐ.എയും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഐ.എസ്.ഐ.എസിന്റെ സുപ്രധാന പ്രവര്‍ത്തകനായ അബു ഹാജിര്‍ അല്‍ ബദ്രി എന്ന ജുഫ്രി ജവഹര്‍ ദാമുദിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കര്‍ണാടകയിലെ ഭട്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പ്രധാന സഹായികളിലൊരാളായ അമീന്‍ സുഹൈബിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഐഎസ് ആശയ പ്രചരണത്തിനുള്ള പ്രതിമാസ ഓണ്‍ലൈന്‍ മാസികയായ ‘വോയ്‌സ് ഓഫ് ഹിന്ദ്’ പുറത്തിറക്കുന്നതിലുള്ള പങ്ക് വ്യക്തമായതിനേത്തുടര്‍ന്ന് ഇയാള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങല്‍, ഭീകരര്‍ക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ പിന്തുണ നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.