ഏഷ്യൻ റെക്കോർഡ് തകർത്തെങ്കിലും ടോക്യോ ഒളിംപിക്‌സ് 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം ഫൈനൽ കാണാതെ പുറത്ത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തത്.
ഹീറ്റ്സ് രണ്ടിൽ മത്സരിച്ച ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്ന് മലയാളികളും ഒരു തമിഴ്നാട്ടുകാരനുമുള്പ്പെട്ട ടീം 3:00.25 മിനിറ്റില്‍ ഓടിയെത്തി. മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരായിരുന്നു ടീമിലെ മലയാളികള്‍. ആരോക്യ രാജീവായിരുന്നു ടീമിലെ മറ്റൊരാള്‍.
ആങ്കര്‍ പൊസിഷനില്‍ ഓടിയ ഡല്‍ഹി മലയാളി അമോജാണ് ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് എത്തിച്ചത് കരുത്തരായ ജപ്പാനും ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കയ്ക്കും കൊളംബിയക്കും മുന്നിലെത്താന്‍ ഇന്ത്യക്കായി. ഈ ഹീറ്റ്‌സില്‍ നിന്ന് പോളണ്ടും ജമൈക്കയും ബെല്‍ജിയവുമാണ് ഫൈനലിലെത്തിയത്. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 3:00.56 സെക്കന്റിലാണ് ഖത്തര്‍ ടീം റെക്കോഡ് സൃഷ്ടിച്ചിരുന്നത്.
മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റിൽ നാലാമതായെങ്കിലും മൊത്തത്തില്‍ ഒൻപതാണ് ഇന്ത്യയുടെ സ്ഥാനം. കരുത്തരായ ജപ്പാന്‍, ഫ്രാന്‍സ്, കൊളംബിയ, ദക്ഷിണാഫ്രിക്ക ടീമുകളെയെല്ലാം ഇന്ത്യ പിന്നിലാക്കിയിരുന്നു.