പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി നടത്തിയ വിവാദ പ്രസ്താവന ചർച്ച ചെയ്യുമെന്ന് മുസ് ലിം ലീഗ് മലപ്പുറം ജില്ല അധ്യക്ഷൻ സാദിഖലി തങ്ങൾ. പാണക്കാട് കുടുംബത്തിനും പാർട്ടിക്കുള്ളിലും ചർച്ച നടത്തിയ ശേഷം ഈ വിഷയത്തിൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുഈനലി നടത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടിസ് ലഭിച്ചക്കാൻ കാരണം പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈൻ അലി തങ്ങൾ തുറന്നടിച്ചു. പാര്‍ട്ടി ഫണ്ടിന്റെ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്കാണ്. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങുകയാണെന്നും മുഈൻ അലി തങ്ങൾ ആരോപിച്ചു.
40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം പല തവണ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിന് കണക്കില്ല. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈനലി വികാരാധീനനായി വിശദീകരിച്ചു.
പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങളുടെ നിജഃസ്ഥിതി വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ലീഗിന്റെ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായോടൊപ്പം പങ്കെടുത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആഞ്ഞടിച്ചത്.