സൂപ്പര്‍ താരം ലയണല്‍ മെസി ഇനി ബാഴ്സലോണയില്‍ തുടരില്ല. ആരാധകരെ അമ്പരിപ്പിച്ചുകൊണ്ടാണ് ഈ വാർത്ത എഫ് സി ബാഴ്സലോണയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടത്.നിലവിലെ ബാഴ്സലോണയും മെസ്സിയുമായുള്ള കരാർ ജൂൺ 30 ന് അവസാനിച്ചെങ്കിലും കരാർ പുതുക്കാനിരിക്കെയാണ് ലാലീഗയുടെ സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങൾ കാരണം താരത്തിന് ക്ലബ്ബിൽ തുടരാൻ സാധിക്കാത്തത്.
അതേസമയം മെസി ബാഴ്സലോണ വിട്ടതോടെ ഇനി എവിടേക്കാവും കൂടുമാറ്റം നടത്തുകയെന്ന ചർച്ചകളാണ് സജീവമാകുന്നത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയാണ് മെസിക്കായുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾക്ക് പി.എസ്.ജി തുടക്കമിട്ടുവെന്നാണ് റിപ്പോർട്ട്.പി.എസ്.ജി കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിയാണ് മെസിക്കായി സജീവമായി രംഗത്തുള്ള ക്ലബ്. സിറ്റി മെസിക്കായി വലവിരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, വാർത്തകൾ അസംബന്ധമെന്ന് പറഞ്ഞ് തള്ളിക്കളയാൻ മാഞ്ചസ്റ്റർ സിറ്റി ഇതുവരെ തയാറായിട്ടില്ലെന്നത് അഭ്യൂഹങ്ങൾ വർധിപ്പിക്കുന്നുണ്ട്.