കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.ബെംഗളുരുവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിനു ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത.
കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായാണ് രേഖകൾ പരിശോധിച്ചതെന്നാണ് വിവരം. കേസിന്റെ അന്തർസംസ്ഥാന ബന്ധമുൾപ്പെടെ പുറത്തുവന്നപ്പോൾ തന്നെ പ്രാഥമിക വിവരങ്ങൾ എൻ.ഐ.എ ശേഖരിച്ചിരുന്നു.പ്രതികൾക്ക് രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന് സി ബ്രാഞ്ച് അന്വേഷണത്തിൽ സൂചനകൾ ലഭിച്ചതോടെയാണ് എൻ.ഐ.എ കൂടുതൽ വിവരങ്ങൾ തിരക്കിയെത്തിയത്.