കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ നടത്തിയ ഗുരുതര വിമർശനത്തിൽ ലീഗിൽ തർക്കം രൂക്ഷമാകുന്നു. മുഈനലിക്കെതിരെ ആരോപണവുമായി വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്ന മുസ്‍ലിം ലീഗിന്‍റെ അഭിഭാഷക സംഘടനാ നേതാവ് അഡ്വ. മുഹമ്മദ് ഷാ രാഗത്ത് വന്നു. മുഈനലി തന്റെ വാർത്ത സമ്മേളനം അലങ്കോലമാക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിന് മുസ്‌ലിം ലീഗ് തന്നെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മുഈനലി തന്റെ വാർത്ത സമ്മേളനം അലങ്കോലമാക്കുകയാണ് ഉണ്ടായതെന്ന് മുഹമ്മദ് ഷാ മീഡിയവണ്‍ ചാനൽ ചർച്ചക്കിടെ പറഞ്ഞു. ചന്ദ്രികയുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ എന്ന നിലയിലാണ് അത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കാൻ പത്രസമ്മേളനം വിളിച്ചത്. പത്രസമ്മേളനത്തില്‍ ഒരു റോളും ഇല്ലാതിരുന്ന മുഈനലി തങ്ങള്‍ വന്നുകയറുകയായിരുന്നുവെന്ന് അഡ്വ. മുഹമ്മദ് ഷാ വ്യക്തമാക്കി.
നാടകീയമായ സംഭവങ്ങളാണ് ഇന്ന് വാർത്ത സമ്മേളനത്തിനിടെ നടന്നത്. കഴിഞ്ഞ ദിവസം കെ ടി ജലീൽ എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്ന സംഭവങ്ങളാണ് നടന്നത്. യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങളാണ് ജലീലിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത്. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ തന്നെ ഇല്ലാത്ത കാര്യങ്ങളാണ് നടന്നത്.
40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ ആരോപിച്ചു. ചന്ദ്രികയിൽ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും തങ്ങൾ ഏറെ സമ്മർദ്ദത്തിലാണെന്നും മുഈനലി തങ്ങൾ പറഞ്ഞു.
ഇതിന് പിന്നാലെ മുഈനലിക്കെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ലീഗ് പ്രവര്‍ത്തകനും ഇന്ത്യാവിഷൻ അക്രമക്കേസിലെ പ്രതിയുമായ റാഫി പുതിയകടവ് എത്തിയതോടെ വാര്‍ത്താസമ്മേളനം അലങ്കോലമായി. ഇയാൾ മുഈനലി തങ്ങൾക്ക് നേരെ ഭീഷണി മുഴക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി. തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ മുഈനലി തങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.