കോഴിക്കോട്: ചന്ദ്രികയുമായി ബന്ധപ്പെട്ട അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനുമാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയീന്‍ അലി ശിഹാബ് തങ്ങള്‍. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയീന്‍ അലി തുറന്നടിച്ചത്.
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമെന്നും മൊയീന്‍ അലി പറഞ്ഞു. ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മൊയീന്‍ അലി കുറ്റപ്പെടുത്തി. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ തങ്ങൾക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് മൊയീന്‍ അലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് ബഹളത്തിനിടയാക്കി. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മൊയീന്‍ അലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൊയീന്‍ അലിയുടെ സാമ്ബത്തിക ഇടപാടില്‍ ഇ.ഡി അന്വേഷണം വേണമെന്നും റാഫി ആവശ്യപ്പെട്ടു.
അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്ലീംലീഗ് വിശദീകരിച്ചു. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൌണ്ടില്‍ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കില്‍ അടച്ചത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കെ ടി ജലീലും ആരോപണമുന്നയിച്ചിരുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ ആരോപിച്ചു.
ചന്ദ്രിക അച്ചടിച്ച യുഎഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ഉന്നയിച്ചു. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം ഉയര്‍ത്തികൊണ്ടായിരുന്നു കെടി ജലീലിന്റെ ആരോപണം.