ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം. ഹോക്കി താരം വന്ദന കടാരിയയുടെ കുടുംബത്തിനു നേരെയാണ് ജാതി അധിക്ഷേപമുണ്ടായത്.
ഒളിമ്പിക്സ് സെമിയില്‍ അര്‍ജന്റീനയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ജാതി അധിക്ഷേപം ഉണ്ടായതെന്ന് വന്ദനയുടെ സഹോദരന്‍ നല്കിയ പരാതിയില്‍ പറയുന്നു. സെമിയില്‍ ഇന്ത്യ തോറ്റത് ടീമില്‍ ദളിത് കളിക്കാര്‍ ഉണ്ടായിരുന്നതിനാലാണെന്നായിരുന്നു ആക്ഷേപം.
ബുധനാഴ്ച അര്‍ജന്‍റീനക്കെതിരെ ഇന്ത്യ സെമിയില്‍ തോറ്റതിന് പിന്നാലെയാണ് ഹരിദ്വാറിലെ റോഷ്നബാദിലുള്ള വന്ദനയുടെ വീടിന് സമീപത്തെത്തി സവര്‍ണരായ ചിലര്‍ ജാതി അധിക്ഷേപം നടത്തിയത്. ടീമില്‍ കുറേ ദലിത് കളിക്കാര്‍ ഉള്ളത് കൊണ്ടാണ് തോറ്റതെന്ന് ആരോപിച്ച് അവര്‍ വന്ദനയുടെ വീടിന് മുമ്ബില്‍ വെച്ച് പടക്കം പൊട്ടിക്കുകയും താളം ചവിട്ടുകയും ചെയ്തു.
സംഭവത്തില്‍ വിജയപാല്‍ (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
‘അവര്‍ ഞങ്ങളുടെ കുടുംബത്തെ ജാതീയമായി അധിക്ഷേപിച്ചു, അപമാനിച്ചു. ധാരാളം ദലിതര്‍ ടീമിലുള്ളതിനാലാണ് ഇന്ത്യ തോറ്റതെന് അവര്‍ പറഞ്ഞു. ഹോക്കി മാത്രമല്ല എല്ലാ കായിക ഇനങ്ങളില്‍ നിന്നും ദലിതരെ അകറ്റി നിര്‍ത്തണമെന്നും പറഞ്ഞു. തങ്ങളുടെ വസ്ത്രം പൊക്കിക്കാണിച്ചാണ് അവര്‍ നൃത്തം ചവിട്ടിയത്’ -വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറഞ്ഞു.
ടൂര്‍ണമെന്‍റില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ താരമായി വന്ദന മാറിയിരുന്നു. പൂള്‍ ‘എ’യിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയ നാലില്‍ മൂന്നും വന്ദനയുടെ വകയായിരുന്നു.
കരുത്തരായ ആസ്ട്രേലിയയെ 1-0ത്തിന് തറപറ്റിച്ചായിരുന്നു ഇന്ത്യ സെമിഫൈനലിലെത്തിയത്. എന്നാല്‍ ബുധനാഴ്ച നടന്ന സെമിയില്‍ ഇന്ത്യയെ 2-1ന് തോല്‍പിച്ച് അര്‍ജന്‍റീന മെഡല്‍ ഉറപ്പിക്കുകയായിരുന്നു. വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും.