ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ പാർലമെന്റിലെ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. എല്ലാ മേഖലകളിലും വികസനം ഉണ്ടാകുമ്പോള്‍ അത് തടസപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. പാർലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഒളിമ്പിക്സ് മെഡൽ ജേതാക്കളെയും നരേന്ദ്ര മോദി അഭിനന്ദിച്ചു.
പെഗാസസ് ഫോൺ ചോർത്തലിൽ വലിയ ബഹളത്തിനാണ് ലോക്സഭയും രാജ്യസഭയും ഇന്നും സാക്ഷ്യം വഹിച്ചത്. ഇന്നലെ ആറു തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ ഒരു ദിവസത്തേക്ക് മാറ്റി നിറുത്തിയിരുന്നു. ഇതിൽ ഒരു എംപി ഉത്തരവ് ലംഘിച്ച് സഭയിലക്ക് തളളിക്കയറാൻ ശ്രമിച്ചെന്ന് ഉപാദ്ധ്യക്ഷൻ ഹരിവംശ് സഭയെ അറിയിച്ചു. ഉന്തിലും തള്ളിലും വാതിൽ ചില്ലുകൾ തകർന്ന് ഇന്നലെ ഒരു സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.
പെഗസിസ് ചാരവൃത്തിയും എണ്ണവില വര്‍ധനവും ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
“ഇന്ത്യയുടെ സത്യങ്ങളെ അടിച്ചമര്‍ത്തുകയെന്നതാണ് നരേന്ദ്രമോദിയുടെ ജോലി. രാജ്യത്തെ ചില വ്യവസായികള്‍ക്ക് വേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലില്ലായ്മയെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ മിണ്ടുന്നില്ല”- രാഹുല്‍ ഗാന്ധി പറഞ്ഞു.