ന്യൂ ഡല്‍ഹി: പെഗാസസ് കേസ് പരിഗണിക്കൂന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഗൗരവമുള്ള വിഷയമാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
റിപ്പോര്‍ടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം. ചോര്‍ത്തല്‍ നടന്നെങ്കില്‍ ക്രിമിനല്‍ കേസ് എന്ത് കൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചപ്പോള്‍ പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ മറുപടി.
അതേസമയം, മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടേയൊക്കെ ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നുഹര്‍ജികളിലെ വാദം.