ന്യൂ ഡല്‍ഹി: ഒളിമ്പിക്സ് പുരുക്ഷ ഹോക്കിയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഹോക്കിയ്ക്ക് പുതിയ തുടക്കമാണിതെന്നും സമാനതകളില്ലാത്ത പോരാട്ടമാണ് ടീം കാഴ്ച്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാവും നേട്ടമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
അതേസമയം, ഹോക്കിയില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഇന്ത്യയുടെ വിജയത്തെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം ഓര്‍മ്മയിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
1980 മോസ്‌ക്കോ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്ബിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. കളി തുടങ്ങുമ്പോള്‍ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത്ത് ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്‌കോര്‍ ചെയ്തു. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഗോള്‍ അടിച്ച് സ്‌കോര്‍ 3-1 ല്‍ നിന്ന് 3-2 ലേക്ക് ഉയര്‍ത്തി. പിന്നീട് ഹര്‍മന്‍പ്രീത് ഗോള്‍ വല കുലുക്കി സ്‌കോര്‍ 3-3 ല്‍ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകള്‍ പിറന്നത് മൂന്നാം ക്വാര്‍ട്ടറിലാണ്. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.