ന്യൂ ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പശ്ചിമ ബംഗാളില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ വിവരം ചോര്‍ത്തിയോ എന്ന കാര്യവും കമ്മീഷന്‍ അന്വേഷിക്കും.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇന്ന് നിര്‍ണായകം. വിഷയത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം, മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, കൂടാതെ പെഗാസസിന് ഇരയായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റേഴ്സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ, പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകാനാണ് സാധ്യത. അതേസമയം, സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. അരുണ്‍ മിശ്ര 2010 സെപ്തംബര്‍ മുതല്‍ 2018 വരെ ഉപയോഗിച്ചിരുന്ന ഫോണാണ് ചോര്‍ത്തിയത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ് അരുണ്‍ മിശ്ര. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെ വിവാദമായ നിരവധി കേസുകള്‍ അരുണ്‍ മിശ്രയുടെ ബെഞ്ചിലെത്തിയിരുന്നു. മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍ ഉള്‍പ്പെടെ കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ ചില വിധികളും അദ്ദേഹം പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചത്.