ജനീവ: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്ക് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ വരെയെങ്കിലും ബൂസ്റ്റര്‍ ഡോസ് വിതരണം നിര്‍ത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
അതേസമയം, മരുന്നുകമ്പനികള്‍ സമ്പന്നരാഷ്ടങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പല രാജ്യങ്ങളും വാക്സിന്‍ വാങ്ങി ശേഖരിക്കുന്നുണ്ട്. അതിന്റെ ഉദ്ദേശശുദ്ധിയിലും സംശയമില്ല. എന്നാല്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആവശ്യത്തിനുള്ള ഡോസ് പോലും ലഭിക്കാതെ വരികയാണെന്ന് അദ്ദേഹം അറിയിച്ചു.