തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതോടെ കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാം. കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദിക്കും.
അതേസമയം, എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും. ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. അതേസമയം, സ്‌കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്റുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല. എന്നാല്‍ അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് (ടിപിആര്‍) പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( wwekly infection population ratio)) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.