ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023 ആകുമ്പോഴേക്കും അവസാനിക്കും.
രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.
താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും. തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ക്ഷേത്രനിർമാണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായും ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ക്ഷേത്ര നിർമാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നുനിലകൾ ഉണ്ടായിരിക്കും. ഒന്നാം നിലയിലായിരിക്കും രാം ദർബാർ.
രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികൾ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിർമാണം. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി. ഗര്‍ഭഗൃഹ (ശ്രീകോവില്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി രാം ലല്ല, സീത, ലക്ഷ്മണന്‍ എന്നിവരുടെ വിഗ്രഹംമാറ്റി സ്ഥാപിക്കും. ഇപ്പോള്‍ താല്‍ക്കാലിക ശ്രീകോവിലിലാണ് വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.